ഇമാം ബുഖാരി (റ)

അബൂഅബ്ദില്ലാ മുഹമ്മദ്ബ്നു ഇസ്മാഈല്‍ അല്‍ബുഖാരി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്‍. ഖുറാസാനിലെ ബുകാറ എന്നിടത്ത് ഹിജ്റ 194 ശവ്വാല്‍ 13ന് ജനിച്ചു. ഉമ്മയുടെ പേര്‍ ആബിദ.
പത്താം വയസ്സില്‍തന്നെ അദ്ദേഹം ഹദീഥ് പഠനം ആരംഭിച്ചു. ഹദീഥ് പഠിക്കുവാനായി ഗുരുനാഥന്‍മാരെ തേടി അദ്ദേഹം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി നടന്നു. അദ്ദേഹം പറയുന്നു:
“ഈജിപ്തിലും (മിസ്റ), സിറിയയിലും (ശാം) അറേബ്യന്‍ ഉപദ്വീപിലും ഈ രണ്ട് പ്രാവശ്യം ഞാന്‍ സന്ദര്‍ശനം നടത്തി. നാല് പ്രാവശ്യം ബസ്വറയില്‍ പോയി. ആറുവര്‍ഷം ഹിജാസില്‍ താമസിച്ചു. കൂഫയിലെയും ബഗ്ദാദിലെയും ഹദീഥ് പണ്ഡിതന്മാരോടൊപ്പം വളരെക്കാലം കഴിച്ചുകൂട്ടി.”
ഇങ്ങനെ ഏതെങ്കിലുമൊരു നാട്ടില്‍ ഹദീഥ് അറിയുന്ന പണ്ഡിത നുണ്ടെന്നറിഞ്ഞാല്‍ ആ പണ്ഡിതന്റെ അടുത്ത് ചെന്ന് പഠിക്കുകയായിരുന്നു ബുഖാരിയുടെ രീതി. പതിനാറു വര്‍ഷം കൊണ്ടാണ് അദ്ദേഹം സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം തയ്യാറാക്കിയത്. അതിലെ ഓരോ ഹദീഥും സ്വയം പഠിച്ചു: അതിന്റെ പരമ്പര (സനദ്) ശരിയാണെന്ന് ഉറപ്പുവരുത്തി; പിന്നീട് രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിച്ച്, പിഴവുകള്‍ വരാതിരിക്കാന്‍ അല്ലാഹുവോടു പ്രാര്‍ഥിച്ച ശേഷമേ ഹദീഥുകള്‍ രേഖപ്പെടുത്താറുണ്ടായിരുന്നുള്ളൂ. ഇത്രയധികം സൂക്ഷ്മത പാലിച്ചതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീഥ് ഗ്രന്ഥം എന്ന ബഹുമതി നേടാന്‍ സ്വഹീഹുല്‍ ബുഖാരിക്കു സാധിച്ചത്. ബുഖാരി (റ) തന്റെ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയ ശേഷം ഇമാം അഹ്മദ് (റ), ഇബ്നുല്‍ മഈന്‍, ഇബ്നുല്‍ മദീനി തുടങ്ങിയ അക്കാലത്തെ ഏറ്റവും പ്രമുഖ പണ്ഡിതന്മാര്‍ക്ക് അത് വായിച്ചു കേള്‍പ്പിക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തു.
വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. അത് തന്നെയാണ് അതിശ്രേഷ്ഠമായ ഗ്രന്ഥവും, അതുകഴിഞ്ഞാല്‍ പിന്നെ ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥം ബുഖാരി (റ) ക്രോഡീകരിച്ച ഹദീഥ് ഗ്രന്ഥമായ “സ്വഹീഹുല്‍ ബുഖാരി” യാണ്. ഇതിന് എണ്‍പതില്‍ അധികം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രശസ്തമായ വ്യാഖ്യാനമാണ് ശൈഖ് ഇബ്നു ഹജറില്‍ അസ്ക്വലാനിയുടെ ‘ഫത്ഹുല്‍ ബാരി’.
ബുഖാരി പറയുകയുണ്ടായി: “ആയിരത്തിലധികം ഗുരുനാഥന്മാരുണ്ടെനിക്ക്. സനദ് (റിപ്പോര്‍ട്ടര്‍മാരുടെ പരമ്പര) ഞാന്‍ ഓര്‍ക്കാത്ത ഒരു ഹദീഥും എന്റെ പക്കലില്ല.” എന്നാല്‍ സ്വഹീഹുല്‍ ബുഖാരിയില്‍ എണ്‍പത്തി ഒമ്പത് ഗുരുനാഥന്മാരെ മാത്രമേ കാണൂ. പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ഇരുപതിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിനുണ്ട്. തന്റെ അവസാനകാലം അദ്ദേഹം കഴിച്ചു കൂട്ടിയത് സമര്‍ക്വന്തില്‍ ഒരു ബന്ധുവിന്റെ വീട്ടിലാണ്. ഹിജ്റ 256ല്‍ 62-ാം വയസ്സില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആ ബന്ധുവീട്ടിലാണ് അദ്ദേഹം അന്തരിച്ചത്.

No comments:

Post a Comment

Note: Only a member of this blog may post a comment.